
തിരുവനന്തപുരം: രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. വ്യാജ ഓട്ടോമേറ്റഡ് ബോട്ടുകളെയും ടിക്കറ്റ് ബുക്കിംഗ് മാഫിയകളെയും തടയുന്നതിനായി ആഗസ്റ്റ് 1 മുതൽ വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്.
കൗണ്ടറുകളിലെ തത്കാലിന് ടോക്കൺ സംവിധാനം
സ്റ്റേഷൻ കൗണ്ടറുകൾ വഴിയുള്ള തത്കാൽ ബുക്കിംഗിന് ഇനി മുതൽ ടോക്കൺ സംവിധാനം നിലവിൽ വരും.
എ.സി ടിക്കറ്റുകൾക്ക്: രാവിലെ 8.30 മുതൽ 9 വരെ 10 ടോക്കണുകൾ വീതം നൽകും.
നോൺ-എ.സി ടിക്കറ്റുകൾക്ക്: രാവിലെ 9 മുതൽ 9.30 വരെ 15 ടോക്കണുകൾ വീതം നൽകും.
ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രമേ ടോക്കൺ ലഭിക്കൂ. ബുക്കിംഗ് സമയത്തിൽ മാറ്റമില്ല.
ഓൺലൈൻ തത്കാലിൽ വ്യാജ ബുക്കിംഗുകൾക്ക് പൂട്ട വീഴും
ഓൺലൈൻ തത്കാൽ ബുക്കിംഗ് ആരംഭിക്കുന്ന ആദ്യ 5 മിനിറ്റിൽ നടക്കാറുള്ള വ്യാജ ഓട്ടോമേറ്റഡ് (Bot Traffic) ബുക്കിംഗുകൾ തടയാൻ പുതിയ സുരക്ഷാ സംവിധാനം വരും. നിലവിൽ ആദ്യ മിനിറ്റുകളിൽ നടക്കുന്ന ലോഗിൻ ശ്രമങ്ങളിൽ 50 ശതമാനത്തോളവും ബോട്ടുകൾ വഴിയാണ് നടക്കുന്നത്.
മിനിറ്റിൽ 1.5 ലക്ഷം ടിക്കറ്റുകൾ: പുതിയ പ്ലാറ്റ്‌ഫോം
രാജ്യാന്തര നിലവാരത്തിലുള്ള പുതിയ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോം നിലവിൽ വരുന്നതോടെ ട്രാഫിക് ബ്ലോക്ക് മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാകും.
ബുക്കിംഗ് ശേഷി: നിലവിൽ മിനിറ്റിൽ 32,000 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാനാകുന്നത് 1.5 ലക്ഷമായി ഉയരും.
സെർച്ച് ശേഷി: പുതിയ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) വഴി മിനിറ്റിൽ 40 ലക്ഷത്തിലധികം സെർച്ചുകൾ നടത്താം (നിലവിലിത് 4 ലക്ഷം മാത്രം).
ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം
യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഇന്റർഫേസിൽ വൻ മാറ്റങ്ങളാണ് വരുത്തുന്നത്:
സീറ്റ് തിരഞ്ഞെടുപ്പ്: ലഭ്യതയ്ക്കനുസരിച്ച് ലോവർ, മിഡിൽ, അപ്പർ സീറ്റുകൾ സ്വയം തിരഞ്ഞെടുക്കാം.
ഒരൊറ്റ സ്‌ക്രീൻ: സ്ലീപ്പർ, എ.സി 3 ടയർ, എ.സി 2 ടയർ തുടങ്ങി എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരൊറ്റ സ്‌ക്രീനിൽ തന്നെ കാണാൻ സാധിക്കും.
കാപ്ച വെരിഫിക്കേഷനുകൾ ആവർത്തിച്ച് നൽകേണ്ടി വരുന്നത് പരമാവധി കുറയ്ക്കും.










